പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
പിന്നണി ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയില്‍ പൊട്ടലുണ്ടായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് കരുതുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സ്വപ്‌നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തില്‍ അവതരിപ്പിച്ചത്.
ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമിയെന്ന ഗാനമാണ് ആദ്യമായി അവര്‍ മലയാളത്തില്‍ ആലപിച്ചത്. പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനവും ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനവും ആലപിച്ചു.