ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

 | 
brammapuram

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഒന്നില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതോടെ പ്രദേശത്ത് വീണ്ടും പുക നിറഞ്ഞു. രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മുന്‍പ് തീയണച്ചതിനു ശേഷം രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. 

വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യത പരിഗണിച്ചായിരുന്നു നടപടി. അതുകൊണ്ട് തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനായി. ഇതിനൊപ്പം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നീക്കി തീ പടരാതിരിക്കാനും ശ്രമം നടക്കുന്നുണ്ട്. 

കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂനയുടെ ഉള്ളില്‍ നിന്നാണ് തീ പിടിച്ചത്. ഇത് കത്തി മുകളിലെത്തിയതിനു ശേഷമാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ തീയണയ്ക്കുന്നത് ശ്രമകരമായ ജോലിയാണ്. കഴിഞ്ഞ തവണ 12 ദിവസത്തിനു ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.