വഞ്ചനാക്കേസ്; നടന്‍ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു

 | 
baburaj

 

നടന്‍ ബാബുരാജ് വഞ്ചനാാക്കേസില്‍ അറസ്റ്റില്‍. അടിമാലി പോലീസാണ് ബാബുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ബാബുരാജ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

ബാബുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് ജാമ്യത്തില്‍ വിടും. കേസില്‍ ഹൈക്കോടതി നേരത്തേ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 

മൂന്നാറിനു സമീപം കല്ലാറില്‍ ബാബുരാജിന് ഒരു റിസോര്‍ട്ടുണ്ട്. ഇത് കോതമംഗലം സ്വദേശിയായ അരുണ്‍ എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. 40 ലക്ഷം രൂപ കൈപ്പറ്റിക്കൊണ്ടായിരുന്നു ഇടപാട്. ഇതിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 

പിന്നീട് ചില രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് പാട്ടക്കാരന്‍ മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാബുരാജ് അത് നല്‍കിയില്ല എന്നതാണ് കേസിന് കാരണമായത്.