സർക്കാരിൻറെ ഓണം വാരാഘോഷം ഓഗസ്റ്റ് 27 മുതൽ; മുഖ്യമന്ത്രി ഉദ്ഘടനം ചെയ്യും

 | 
ONAM 2023

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ തലസ്ഥാനത്ത് നടക്കും. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികൾ ആകും. ഉദ്ഘാടന ചടങ്ങിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും.

ജില്ലയിൽ വിവിധ ഇടങ്ങളിൽ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുക. കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലേസർ ഷോ പ്രദർശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെർച്വൽ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കനകക്കുന്നിൽ വാരാഘോഷ ദിവസങ്ങളിൽ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.