തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ​ഗുജറാത്ത് ബിജെപിയിൽ തർക്കം; ഇഫ്കോ തെരഞ്ഞെടുപ്പിൽ അമിത്ഷായുടെ സ്ഥാനാർത്ഥി തോറ്റു

 | 
amit sha

തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഗുജറാത്ത് ബി.ജെ.പി.യിൽ തുടങ്ങിയ തർക്കം മൂക്കുന്നു. ഇഫ്കോ ചെയർമാൻ ദിലീപ് സംഘാണിയെ ആദരിക്കാൻ അമ്രേലിയിൽ ചേർന്ന യോഗം അസംതൃപ്തരുടെ സമ്മേളനമായിമാറി. ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് (ഇഫ്കോ) ഡയറക്ടറായി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി തോറ്റതാണ് വിവാദമായത്. അമിത് ഷാ പിന്തുണച്ച ബിപിൻ പട്ടേലിനെ സംഘാണിയുടെ പിന്തുണയുള്ള ജയേഷ് റാദഡിയയാണ് തോൽപ്പിച്ചത്. ചെയർമാനായി ദിലീപ് സംഘാണിയയെ വീണ്ടും തിരഞ്ഞെടുത്തു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ വിമർശനത്തിന് സംഘാണി കഴിഞ്ഞദിവസം പരസ്യമായി മറുപടിയും നൽകി. ഇതിനുപിന്നാലെ ഞായറാഴ്ച അമ്രേലിയിൽ ചേർന്ന അനുമോദനയോഗത്തിൽ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികൾ സംബന്ധിച്ചില്ല. ജില്ലയിലെ അഞ്ച് എം.എൽ.എ.മാരും വിട്ടുനിന്നു. സംഘാണിയോട് ഏറെ അടുപ്പമുള്ള കേന്ദ്രമന്ത്രി പർഷോത്തം രൂപാല പങ്കെടുക്കുകയും ചെയ്തു.

ജയേഷ് റാദഡിയക്കുപുറമേ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മുൻ സംസ്ഥാന അധ്യക്ഷൻ ആർ.സി. ഫാൽഡു, മുൻ എം.പി. നരൻ കച്ഛഡിയ, സൗരഭ് പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായി. ഇവരൊക്കെ സ്ഥാനങ്ങളിൽനിന്നും നീക്കപ്പെട്ട പ്രമുഖനേതാക്കളാണ്. സഹകരണസ്ഥാപനങ്ങളിൽ പാർട്ടി നോമിനികളെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്ന നിലപാടാണ് സംഘാണി പ്രകടിപ്പിച്ചത്.

ഇതിനിടെ മുൻ എം.പി. നരൻ കച്ഛഡിയക്ക് എതിരേ അമ്രേലി മണ്ഡലത്തിലെ സ്ഥാനാർഥി ഭരത് സുതാരിയ പരസ്യപ്രസ്താവനയും ഇറക്കി. മാനവദർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി അരവിന്ദ് ലഡാണിയും മണ്ഡലത്തിലെ ബി.ജെ.പി. നേതാക്കൾക്കെതിരേ പരാതിനൽകിയിരുന്നു.