ദൈവങ്ങൾ മിത്ത് ആണെന്ന് പറയുമ്പോൾ ഹിന്ദു മത വിശ്വാസികൾ പ്രതികരിക്കുന്നില്ല; നടൻ ഉണ്ണി മുകുന്ദൻ

 | 
UNNI MUKUNDAN

ദൈവങ്ങൾ മിത്ത് ആണെന്ന് പറയുമ്പോൾ ഹിന്ദു മത വിശ്വാസികൾ അതിൽ പ്രതികരിക്കുന്നില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ വരെ കൊണ്ടുനടന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും മിത്ത് ആണെന്ന് പറയുന്നു. പേടിയാണ് ഹൈന്ദവ വിശ്വാസികളുടെ പ്രശ്നം. വേറെ മത വിശ്വാസികളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാൻ മുമ്പ് ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കുറഞ്ഞത് വിഷമമുണ്ടാക്കി എന്നെങ്കിലും പ്രതികരിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊട്ടാരക്കര ​ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

'ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, മറ്റന്നാൾ ശിവനാണെന്ന് പറയും. അവസാനം നിങ്ങളും മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുക. പക്ഷേ, നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആർക്കും എതിരല്ല. പണ്ട് പഠിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. വേറെ മത വിശ്വാസികളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

ഏറ്റവും കുറഞ്ഞത് ആ രീതിയിൽ നിങ്ങൾ നിങ്ങളുടെ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകണം. പറയുന്നവർക്ക് എന്തും പറഞ്ഞിട്ട് പോകാം. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. ഇനി ഇതുപോലെയുണ്ടായാൽ ഏതെങ്കിലും രീതിയിൽ അഭിപ്രായങ്ങൾ അറിയിക്കുക. കുറഞ്ഞത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയുക. ഇതൊരു ഓർമ്മപ്പെടുത്തലാണ്.

ചില കാര്യങ്ങൾ കണ്ടുകൊണ്ട് പ്രതികരിക്കാതിരിക്കാൻ കഴിയുന്ന ആളല്ല ഞാൻ. അതിലും വിഷമം ചില ഹിന്ദു വിശ്വാസികളുടെ 'ആറ്റിറ്റ്യൂഡ്' ആണ്. നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം. ഗണപതിയില്ല എന്ന് പറയുമ്പോൾ, അല്ലെങ്കിൽ അങ്ങനെ ചില വർത്തമാനങ്ങൾ വരുമ്പോൾ ഗണപതിക്ക് വേണ്ടി നമ്മൾ സംസാരിച്ചില്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതിനൊക്കെ എന്താണ് ഗുണം.'