കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ വാഹനം ഇവിടെയും പിടിച്ചിടും; വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ​ഗണേഷ് കുമാ‍‍ർ

 | 
Ganesh Kumar

തമിഴ്‌നാടിന് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് 4000 രൂപ ടാക്‌സ് വർധിപ്പിച്ചുവെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. രാജ്യം മുഴുവൻ ഒരു നികുതി എന്ന് പറയുമ്പോഴാണ് ഈ നടപടി. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കുന്ന ഓൾ ഇന്ത്യാ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്ന് മുതൽ ഒരു സീറ്റിന് 4,000 രൂപ ക്വാർട്ടർലി നികുതി ഇനത്തിൽ അടയ്ക്കേണ്ടിവരുമെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണം.

'ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓർക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങോട്ട് വരുന്നത്. ഞങ്ങളും ഖജനാവ് നിറയ്ക്കും. അവിടെ 4000 വാങ്ങിയാൽ ഇവിടേയും 4000 വാങ്ങുമെന്നാണ് നിലപാട്. കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ വാഹനം ഇവിടെയും പിടിച്ചിടും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല', ​ഗണേഷ് കുമാർ പറഞ്ഞു.

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന അന്യസംസ്ഥാനബസുകൾക്ക് തമിഴ്‌നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത സ്വകാര്യ ബസുകൾ യാത്രക്കാരുമായി തമിഴ്നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കി. കേരളത്തിൽനിന്നുള്ളവ അടക്കം 545 ബസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.