ഉമ്മൻ ചാണ്ടിയോട് വിരോധം ഉണ്ടെങ്കിൽ തുടരട്ടെ, അദ്ദേഹത്തെ ഇഷ്ടമുള്ളവരെ വേട്ടയാടരുത്; ചാണ്ടി ഉമ്മൻ

 | 
CHANDI OOMAN

കോട്ടയം: അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആശയ പോരാട്ടവും ആശയ വ്യത്യാസങ്ങളുമാകാം. അതിന്റെ പേരിൽ ജനാധിപത്യത്തെ ഇല്ലാതാക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയോട് വിരോധമുണ്ടെങ്കിൽ തുടരട്ടെ, പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തിനോട് ഇഷ്ടമുള്ളവരെ വേട്ടയാടരുതെന്നും സതിയമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇന്നലെ വരെ കേസും നിലപാടും എവിടെയായിരുന്നു? 13 വർഷം ശമ്പളം വാങ്ങി, അതുവരെ ഇല്ലാത്ത കാര്യങ്ങൾ ഇന്നലെ എവിടെ നിന്നാണ് വന്നത് എന്ന് ചോദിച്ച ചാണ്ടി ഉമ്മൻ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെല്ലാമെന്നും ആരോപിച്ചു.

അതേസമയം തുവ്വൂർ കൊലപാതകത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിക്കാത്തതെന്താണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ചോദിച്ചു. പലനേതാക്കന്മാരും പര്യടനത്തിലുണ്ട്. അവരാരും തന്നെ വിഷയത്തിൽ ഒരുതരത്തിലുള്ള വിശദീകരണത്തിനും മുതിർന്നിട്ടില്ലെന്നും ജെയ്ക് ആരോപിച്ചു. നേതാവിന്റെ നടപടി തെറ്റാണെന്നോ യൂത്ത് കോൺഗ്രസുകാർ താൽക്കാലിക ജീവനക്കാരെ കൊന്നുതള്ളുന്നവരല്ലെന്നോ ആരും പറയുന്നില്ലെന്നും അതെന്തുകൊണ്ടെന്നും ജെയ്ക് ചോദിച്ചു. 'ഞങ്ങൾ തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ടാണ് പുതുപ്പള്ളിയിലെ വികസനത്തെ സംബന്ധിച്ച്, ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് നിങ്ങളൊരു സംവാദത്തിന് തയാറാവാത്തത്? ഈ ചോദ്യത്തിന് ഉത്തരം തരാനോ സംവാദത്തിനോ യുഡിഎഫ് തയാറാവുന്നില്ല', ജെയ്ക് പറഞ്ഞു.