പര്‍ദ്ദ ധരിച്ചെത്തി ലുലു മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍
കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി എം എ അഭിമന്യു (23) ആണ് പിടിയിലായത്. ഇയാള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി പര്‍ദ്ദ ധരിച്ച് മാളിലെത്തിയ ഇയാള്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് ഒളിപ്പിക്കുകയായിരുന്നു. വാതിലില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ഒട്ടിച്ചു വെച്ചതിനു ശേഷം അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
ശുചിമുറിയുടെ മുന്നില്‍ പര്‍ദ്ദ ധരിച്ച് സംശയാസ്പദമായ രീതിയില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും കളമശ്ശേരി പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഒളിക്യാമറ വെച്ച കാര്യം ഇയാള്‍ വെളിപ്പെടുത്തുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് ഫോണ്‍ കണ്ടെത്തുകയും അഭിമന്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും വ്യക്തമായി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഭിമന്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാലാരിവട്ടത്തെ തുണിക്കടയില്‍ നിന്നാണ് ഇയാള്‍ പര്‍ദ്ദ വാങ്ങിയത്. പര്‍ദ്ദയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.