മന്ത്രിമാരുടെ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾ നീക്കാൻ നിർദേശം; 5000 രൂപ പിഴ

 | 
LED


സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാൽ ഇനി പിഴ നൽകേണ്ടി വരും. ഈ നിയമം മന്ത്രിമാരുടെ വാഹനങ്ങൾക്കും ബാധകമാണ്. നിയമം ലംഘിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കാനാണ് നിർദ്ദേശം. ഈ വർഷം മെയ് മാസത്തിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം ഇതുസംബന്ധിച്ച് ഉണ്ടായത്. തുടർന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. നേരത്തെ മന്ത്രിവാഹനങ്ങൾക്കും മറ്റും മുകളിൽ ബീക്കൺ ഉപയോഗിക്കുന്നതിന് അനുമതി നിരോധിച്ചിരുന്നു.

ഫ്‌ളാഷ് ലൈറ്റുകൾ, മൾട്ടികളർ എൽഇഡി, നിയോൺ നാടകൾ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളിൽ ചുവപ്പ് ബീക്കൺലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു മുൻവശത്തെ ബമ്പർ ഗ്രില്ലിൽ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് തുടങ്ങിയത്.

ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു നേരത്തെ മന്ത്രിമാർ സഞ്ചരിച്ചിരുന്നത്. എന്നാൽ ഇത് വിഐപി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി ബീക്കൺ ലൈറ്റുകൾ നീക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രിയടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതും നീക്കി. തുടർന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളിൽനിന്നും ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി.