പുതുപ്പള്ളിയില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയോ എന്ന് സംശയം; വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്ന് എം വി ഗോവിന്ദന്‍

 | 
M V Govindan

പുതുപ്പള്ളിയില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയെന്ന് സംശയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. 

താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി.ജെ.പിക്ക് പത്ത്- പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി.ജെ.പി. വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും എന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയത്. 

വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളതെന്ന് എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.