വീണാ വിജയനെതിരായ ആരോപണത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ പ്രതികരിച്ച് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി വ്യാജ ആരോപങ്ങൾ കോൺഗ്രസ് ഉന്നയിച്ചിരുന്നു. അത്തരം ആരോപണങ്ങളിൽ കോൺഗ്രസ് ഇപ്പോൾ ഉറച്ച് നിൽക്കുന്നുണ്ടോ. പഴയതുപോലെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കട്ടെ. വസ്തുതയുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് കോൺഗ്രസ് പരാതി കൊടുക്കട്ടെ. ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിന് കേന്ദ്ര ഏജൻസികളെയായിരുന്നു വിശ്വാസം. സത്യസന്ധതയുണ്ടെങ്കിൽ യുഡിഎഫ് നുണ പറയാതെ പരാതി നൽകണമെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
ജനങ്ങളുടെ സ്‌നേഹ സമ്പൂർണമായ പ്രതികരണം ആത്മവിശ്വാസം നൽകുന്നുണ്ട്. പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലായിടത്തും ഓടിയെത്തുകയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂർണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു. ഇവിടെ മത്സരത്തിന്റെയോ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെയോ ആവശ്യമില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണെന്നായിരുന്നു പ്രതികരണം. പക്ഷെ ഇപ്പോൾ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.
കിടങ്ങൂരിൽ യുഡിഎഫും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. മണിപ്പൂർ വംശഹത്യയുടെ മേൽക്കൂരയും അടിത്തറയും പണിതത് സംഘപരിവാറാണ്. ആ ബിജെപിയുമായി യുഡിഎഫ് അധികാരം പങ്കിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ എന്തു തരം സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നും ജെയ്ക് ചോദിച്ചു. കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് അത്ഭുതകരമായിട്ടാണ് തോന്നുന്നത്. കുറ്റം ഏറ്റുപറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും ജെയ്ക് കൂട്ടിച്ചേർത്തു.