കെജ്രിവാളിന്റെ കസ്റ്റഡി നാലു ദിവസം കൂടി നീട്ടി

 | 
ARAVIND KEJRIWAL

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി നാലുദിവസം കൂടി നീട്ടി. മാർച്ച് 21-ന് അറസ്റ്റുചെയ്യപ്പെട്ട കെജ്‌രിവാൾ ഏപ്രിൽ ഒന്നുവരെ കസ്റ്റഡിയിൽ തുടരും. കോടതിയിൽ കെജ്‌രിവാളിന്റേയും ഇ.ഡിയുടേയും വാദങ്ങൾ കേട്ടശേഷം ഡൽഹി റോസ് അവന്യൂ കോടതി സ്‌പെഷ്യൽ സി.ബി.ഐ. ജഡ്ജ് കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏഴുദിവസം കൂടി കെജ്രിവാളിന്റെ കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇ.ഡി. ആവശ്യം. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ അതിനുള്ള മറുപടി നൽകുമെന്നും കോടതിയിലേക്ക് കൊണ്ടുപോകുംവഴി കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

അരവിന്ദ് കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. രമേഷ് ഗുപ്ത ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും സ്പെഷ്യൽ കോൺസൽ സൊഹേബ് ഹുസ്സൈനും ഇ.ഡിക്കുവേണ്ടി വീഡിയോ കോൺഫെറൻസ് വഴി ഹാജരായി. വേർതിരിച്ചെടുത്ത ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.വി. രാജു കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ചോദ്യങ്ങൾക്ക് കെജ്രിവാൾ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാൾ അന്വേഷണത്തോട് ബോധപൂർവ്വം സഹകരിക്കുന്നില്ല. പഞ്ചാബിലെ എക്സൈസ് ഓഫീസർമാരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.വി. രാജു പറഞ്ഞു. അതേസമയം, കെജ്‌രിവാളിന് കോടതിയിൽ സംസാരിക്കണമെന്ന് അഡ്വ. രമേഷ് ഗുപ്ത കോടതിയെ അറിയിച്ചു. പിന്നാലെ, കോടതിയെ അഭിസംബോധന ചെയ്യാൻ ബെഞ്ച് അനുമതി നൽകി.

വ്യത്യസ്ത ആളുകളുടെ നാലുമൊഴികൾ തന്നെ അറസ്റ്റുചെയ്യാൻ മാത്രം പര്യാപ്തമല്ലെന്ന് കെജ്രിവാൾ കോടതിയിൽ പറഞ്ഞു. രണ്ടുവർഷത്തിലേറെയായി തുടരുന്ന കേസാണിത്. എന്നെ അറസ്റ്റുചെയ്തു, ഒരു കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. കേസിൽ ആളുകളെ മാപ്പുസാക്ഷികളാക്കുകയും മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെജ്രിവാൾ പറഞ്ഞപ്പോൾ ഇ.ഡി. അതിനെ എതിർത്തു.