ഇന്നസെന്റിന് വിട നല്‍കി കേരളം; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 | 
actorinnacent

ഇന്നസെന്റിന് വിട നല്‍കി കേരളം. ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വസതിയിലെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി പള്ളിയിലെത്തിച്ചു. സംസ്‌കാരച്ചടങ്ങില്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

ഞായറാഴ്ച രാത്രി 10.30ഓടെ എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

സിനിമയ്ക്കു പുറമേ രാഷ്ട്രീയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ശോഭിച്ചയാളാണ് ഇന്നസെന്റ്. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായിരുന്നു. 2014ല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ചാലക്കുടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയെയാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. 2000 മുതല്‍ 2018 വരെ അമ്മയുടെ പ്രസിഡന്റായിരുന്നു.