വീണാ വിജയനെതിരെയുള്ള തെളിവുകൾ പുറത്ത് വിട്ടാൽ കേരളം ഞെട്ടും; മാത്യു കുഴൽനാടൻ

 | 
MATHEW KUZHALNADAN

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പുറത്ത് വിടുമെന്നും രേഖകൾ പുറത്ത് വിട്ടാൽ കേരളം ഞെട്ടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയാണ്. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നത്. വീണാ വിജയൻ കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴൽനാടൻ ആരോപിച്ചു.

കര്‍ത്തയുടെ അക്കൗണ്ടില്‍ നിന്ന് വന്നത് രണ്ടിരട്ടി പണം. വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്ക് മാത്രം കരിമണല്‍ കമ്പനിയുടെ പണം എത്തി. ഒരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂൾ സോഫ്റ്റ്‌വെയര്‍ എന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എക്‌സലോജിക് കമ്പനി മൊഴിമാറ്റി പറഞ്ഞെന്ന് ആരോപിച്ച മാത്യു കുഴല്‍നാടന്‍ വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ എത്ര രൂപ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

'സിഎംആർഎൽ കമ്പനിയെ കൂടാതെ മറ്റു കമ്പനികളിൽ നിന്നും വലിയ തുക എക്സാലോജിക് കമ്പനി കൈപ്പറ്റിയിട്ടുണ്ട്. വീണാ വിജയൻ എത്ര കോടിരൂപ ആരിൽ നിന്നൊക്കെ കൈപ്പറ്റിയെന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായിവിജയൻ മറുപടി പറയണം, വീണ എവിടെ നിന്നൊക്കെ പണം വാങ്ങിയെന്ന് തുറന്നുപറയണം'; മാത്യു കുഴൽനാടൻ പറഞ്ഞു. വീണയും വീണയുടെ കമ്പനിയും ജിഎസ്ടി അക്കൗണ്ട് എന്തിനാണ് ക്ലോസ് ചെയ്തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.