അനില്‍ അക്കര പുറത്തുവിട്ട കത്ത് പ്രതിപക്ഷ പ്രചാരണങ്ങളെ കുഴിച്ചു മൂടുന്നതെന്ന് എം ബി രാജേഷ്

 | 
mbrajesh

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ അക്കര പുറത്തുവിട്ട കത്ത് അപവാദ പ്രചാരണങ്ങളെ സ്വയം കുഴിച്ചു മൂടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്. കത്ത് സര്‍ക്കാര്‍ നിലപാടുകളെ സാധൂകരിക്കുന്നതാണ്. സ്വയം കുഴി കുഴിച്ച് അപവാദപ്രചാരണങ്ങളെ കുഴിച്ചു മൂടിയതില്‍ സര്‍ക്കാരിനു സന്തോഷമുണ്ടെന്നും എം.ബി.രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യൂണിടാക്കുമായി ലൈഫ് മിഷന്‍ ഒരു കരാറും വച്ചിട്ടില്ലെന്ന് അനില്‍ അക്കര പുറത്തുവിട്ട കത്തില്‍ പറയുന്നുണ്ട്. റെഡ്ക്രസന്റാണ് യൂണിടാക്കുമായി കരാര്‍ ഒപ്പുവച്ചതും പൈസ കൊടുത്തതും. യൂണിടാക്കും റെഡ് ക്രസന്റുമായുള്ള കരാറിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് അറിയില്ലായിരുന്നു. അവരുമായി യാതൊരു സാമ്പത്തിക ബാധ്യതയും സര്‍ക്കാരിനില്ലെന്നും കത്തിലുണ്ട്. 

ദുരിതാശ്വാസത്തിന്റെ ഭാഗമായി വിവിധ സംഘടനകള്‍ നിരവധി വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ വീടുവയ്ക്കുക എന്നത് നേരത്തെയുള്ള സര്‍ക്കാര്‍ നയമാണ്. റെഡ് ക്രസന്റിന്റെ വാഗ്ദാനം സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വീടുവച്ചതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.