ലൈംഗികച്ചുവയോടെ സംസാരം; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി

 | 
msf
മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി.

മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ വനിത കമ്മീഷനില്‍ പരാതി. വനിതാ നേതാക്കളാണ് പരാതി നല്‍കിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പി കെ നവാസിനും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് വനിതാ വിഭാഗമായ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. 

സംഘടനാ യോഗത്തിനിടെ പി.കെ.നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. സംഘടനാ കാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ''വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്'. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

എംഎസ്എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബ്  ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആക്ഷേപം. മുസ്ലീംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരിത വിഭാഗം വനിത കമ്മിഷനില്‍ പരാതി നല്‍കിയത്.