പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 | 
puthuppalli

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കങ്ങളുമായി സ്ഥാനാർഥികൾ. സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം.


53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പുതുപ്പള്ളിയുടെ വികസനം, സർക്കാരിന്റെ പ്രവർത്തനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായിരുന്നു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ 1,75,605 വോട്ടർമാരാണുള്ളത്. 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും 80 വയസിനു മുകളിലുള്ള 6376 വോട്ടർമാരും ഭിന്നശേഷിക്കാരായ 1765 വോട്ടർമാരുമാണുള്ളത്. 181 പ്രവാസി വോട്ടർമാരും 138 സർവീസ് വോട്ടർമാരും ഉണ്ട്. 182 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.