കുടുംബശ്രീ ഓണ ചന്തകൾക്ക് 22 ന് തുടക്കം; മന്ത്രി എം ബി രാജേഷ് ഉദ്ഘടനം ചെയ്യും

 | 
onam

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ഓണച്ചന്തയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1070 സിഡിഎസുകളിലും മേളകൾ സംഘടിപ്പിക്കും. ജില്ലാ മേളകൾക്കുള്ള ഒരുക്കവും പൂർത്തിയായി. വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും. കൂടാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന്‌ ഒരുലക്ഷം രൂപവരെ ഓണം വിപണന മേളകൾക്ക് അനുവദിക്കാമെന്ന സർക്കാർ ഉത്തരവുമുണ്ട്.

കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനെത്തിക്കുന്നത്. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും.പൂക്കൃഷി രംഗത്ത് സജീവമായ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽനിന്ന്‌ ജമന്തി, ബന്ധി, മുല്ല, താമര എന്നിങ്ങനെ വിവിധ പൂക്കളും മേളകൾക്ക് മാറ്റുകൂട്ടാനെത്തും. വിപണന മേളയോടനുബന്ധിച്ച് അത്തപ്പൂക്കളം, വടംവലി, തിരുവാതിര തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.