കുവൈറ്റ് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; മരിച്ച മലയാളികളുടെ മൃത​ദേഹങ്ങൾ വീടുകളിലേക്ക്

 | 
Kuwait

മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷോർട്ട് സർക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈത്ത് അഗ്നിരക്ഷാ സേന വ്യക്തമാക്കി. 

ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന പ്രസ്താവനയിൽ അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ ക്യാംപിലുണ്ടായിരുന്നു.

നെടുമ്പാശേരിയിൽ രാവിലെ എത്തിച്ച ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നു. പ്രത്യേക ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ ഓരോരുത്തരുടെയും വീടുകളിലേയ്ക്ക് എത്തിക്കുന്നത്. കുവൈത്തിൽനിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേകവിമാനത്തിലാണ് വെള്ളിയാഴ്ച രാവിലെ 10.30-ഓടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികൾ, ഏഴ് തമിഴ്‌നാട്ടുകാർ, ഒരു കർണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. തുടർന്ന് വിമാനം ഡൽഹിയിലേക്ക് പോയി. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിൻറെ മൃതദേഹം മുംബൈയിലാണ് ഇറക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരടക്കം അന്തിമോപചാരം അർപ്പിച്ചു.