കായംകുളത്ത് തോറ്റ അരിതാ ബാബുവിനെ മാസങ്ങള്‍ക്ക് ശേഷം 'വിജയിപ്പിച്ച്' മനോരമ; പിന്നാലെ ക്ഷമാപണം

 | 
Manorama Online

മാസങ്ങള്‍ക്കു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ 'വിജയിപ്പിച്ച' മനോരമ ക്ഷമാപണവുമായി രംഗത്ത്. കായംകുളത്ത് യു.പ്രതിഭയോട് മത്സരിച്ച് പരാജയപ്പെട്ട അരിതാ ബാബു വിജയിച്ചെന്നായിരുന്നു ഇന്ന് മനോരമ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. എത്ര വോട്ടിന് വിജയിച്ചു എന്ന് എഴുതാനുള്ള ഭാഗം മാത്രം വിട്ടശേഷം അരിതാ ബാബു വിജയിച്ചാല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ വാര്‍ത്തയായിരുന്നു ഇത്. 

യുഡിഎഫിലെ അരിതാ ബാബു കായംകുളത്തെ ഒരിടവേളയ്ക്ക് ശേഷം ഇടത്തേയ്ക്ക് കൈപിടിച്ചുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പി 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ഇളമുറക്കാരിക്ക് മുമ്പില്‍ എം.എല്‍.എ അടിയറവ് പറഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തില്‍ ഇടതുപക്ഷം തോല്‍വി മണത്തിരുന്നു, അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തില്‍ അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നിങ്ങനെയാണ് വാചകങ്ങള്‍. 

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് അടക്കിവാണ കായംകുളത്ത് ഇത്തവണ ഇടതുപക്ഷത്തെ വീഴ്ത്തിയത് വിലയ്ക്കു വാങ്ങിയ വിവാദങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ബാക്കിവച്ച ഏക ഇടതു 'കനല്‍ത്തരി' എ.എം. ആരിഫ് അവസാന മണിക്കൂറുകളില്‍ ഊതിക്കത്തിച്ച 'പാല്‍ സൊസൈറ്റി' വിവാദവും പാരഡിയില്‍ ചെട്ടികുളങ്ങരയിലെ വിശ്വാസികള്‍ ഇടഞ്ഞതും വീഴ്ചയ്ക്ക് ആക്കംകൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാര്‍ട്ടിയിലെ ഉള്‍പ്പോരു മുതല്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വീടാക്രമണം വരെ തിരിഞ്ഞുകുത്തിയ കായംകുളത്തെ തിരഞ്ഞെടുപ്പു ഫലം പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നും മനോരമ എഴുതി. 

സോഷ്യല്‍ മീഡിയയില്‍ സംഗതി വിവാദമായതോടെ വാര്‍ത്ത മനോരമ പിന്‍വലിച്ചെങ്കിലും വെബ് ആര്‍ക്കൈവ് ചെയ്ത ലിങ്ക് ഇടതുപക്ഷ പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. ഇതിനിടെ സാങ്കേതികപ്പിഴവാണ് തെറ്റായ വാര്‍ത്ത ലൈവില്‍ വന്നതിന് കാരണമായതെന്ന വിശദീകരണവുമായി മനോരമ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ക്കും മറ്റും ഫലം വരുമ്പോള്‍ തന്നെ കൊടുക്കാനായി പശ്ചാത്തല വിവരങ്ങള്‍ ചേര്‍ത്ത് വാര്‍ത്ത തയ്യാറാക്കി വെക്കാറുണ്ടെന്നും അത്തരത്തില്‍ രണ്ടു തരത്തില്‍ തയ്യാറാക്കി വെച്ചിരുന്ന വാര്‍ത്തകളില്‍ ഒന്നാണ് സാങ്കേതിക തകരാറുകള്‍ മൂലം ലൈവിലേക്ക് പോയതെന്നാണ് വിശദീകരണം.