കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 49 മരണം

 | 
Kuwait

കുവൈറ്റിലെ മംഗഫിൽ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. മൂന്നു മലയാളികളെ തിരിച്ചറി‍ഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനിൽ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കൽ, പിള്ള, റോജൻ മടയിൽ, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാൾ), പ്രവീൺ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം. ജബ്രിയ മുബാറക് ആശുപത്രിയിലും അദാൻ, ഫർവാനിയ, അമീരി, മുബാറക്ക് എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

താഴെ നിലയിൽ നിന്നാണ് തീ ആളിപ്പടർന്നതെന്നാണ് വിവരം. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. പലരും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരിൽ പലരും മരിക്കുകയും ചിലർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന തൊഴിലാളി ക്യാമ്പാണിത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.