മാത്യു കുഴൽനാടൻ വായിൽ തോന്നിയത് വിളിച്ചു കൂവുന്നു; വീണയ്‌ക്കെതിരായ ആരോപണത്തിൽ പ്രതികരിച്ച് എ കെ ബാലൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച മാത്യു കുഴൽനാടനെതിരെ സിപിഎം നേതാവ് എകെ ബാലൻ. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ മാത്യു കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ എന്ന് എകെ ബാലൻ ചോദിച്ചു.
ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങൾ എന്തിനുവേണ്ടിയാണ് മാത്യു കുഴൽനാടൻ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ആദായനികുതി വകുപ്പ് മതിയായ നികുതി അടച്ചില്ലെന്ന് പറഞ്ഞ് നോട്ടിസ് അയച്ചോയെന്നും എന്ന് ജിഎസ്ടി പറഞ്ഞോയെന്നും ചോദിച്ച എകെ ബാലൻ വായിൽ തോന്നിയതാണ് മാത്യു കുഴൽനാടൻ വിളിച്ചുകൂവുന്നതെന്ന് പറഞ്ഞു. ആരോപണം ഉന്നയിച്ചവർ അതു തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.