'ചെമ്പോല'യില്‍ മാധ്യമപ്പോര്; പ്രമോദ് രാമനും വിനു വി. ജോണും നേര്‍ക്കുനേര്‍

 | 
Pramod Raman
ചെമ്പോല വിഷയത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇടഞ്ഞ് മാധ്യമപ്രവര്‍ത്തകരായ പ്രമോദ് രാമനും വിനു വി. ജോണും

ചെമ്പോല വിഷയത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇടഞ്ഞ് മാധ്യമപ്രവര്‍ത്തകരായ പ്രമോദ് രാമനും വിനു വി. ജോണും. ഏഷ്യാനെറ്റ് ന്യൂസിനെയും അവതാരകന്‍ വിനു വി. ജോണിനെയും വിമര്‍ശിക്കുന്ന പ്രമോദ് രാമന്റെ ഫെയിസ്ബുക്ക് പോസ്റ്റിന് ട്വിറ്ററില്‍ മറുപടിയുമായി വിനു വി. ജോണ്‍ രംഗത്തെത്തി. രാത്രി എട്ട് മണിക്ക് ചാനലിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം എന്ന വിശേഷണമുള്ള പരിപാടിയില്‍ നിലയവിദ്വാന്‍ ആങ്കര്‍ വലിയ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, വളിച്ച മധ്യവര്‍ഗ, പുരുഷ, പിന്തിരിപ്പന്‍ വഷളത്തരങ്ങള്‍ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും എന്നായിരുന്നു പ്രമോദ് രാമന്‍ കുറിച്ചത്. ഇതോടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മറുപടിയുമായി വിനു വി. ജോണും രംഗത്തെത്തുകയായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോ. ഹാളില്‍ തീവ്ര ലഹരിയില്‍ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റര്‍ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവര്‍ത്തകനായിരുന്ന ടിയാന്റെ  'സാഹസ'ത്തിന് തമിഴന്മാര്‍ കൈ അടിച്ചൊടിച്ചപ്പോള്‍ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലം മാറ്റം കിട്ടിയിരുന്നുവെന്ന് വിനു വി. ജോണ്‍ ട്വീറ്റ് ചെയ്തു. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിന്റെ പോസ്റ്ററും വിനു വി. ജോണ്‍ പങ്കുവെച്ചിട്ടുണ്ട്.


ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ മോഡസറ്റിയെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട ഇന്‍സെന്‍സിറ്റിവിറ്റി മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണെന്നും പ്രമോദ് രാമന്‍ കുറിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്ത വിഷയത്തില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനം തുടരുന്നതിനിടെയാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുമായി വിനു വി. ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

മോന്‍സണ്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സഹീന്‍ ആന്റണിയുടെ ഭാര്യക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിനു വി. ജോണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സഹീന്റെ ഭാര്യ വിനുവിനും ചര്‍ച്ചയില്‍ പങ്കെടുത്ത റോയ് മാത്യുവിനും എതിരെ പരാതി നല്‍കിയിരിക്കുകയാണ്.