മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്; സെക്രട്ടറിയേറ്റില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു, മന്ത്രിമാരുടെ ഓഫീസുകളില്‍ രോഗബാധ
പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടറിയേറ്റില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സെക്രട്ടറിയേറ്റ് ലൈബ്രറി കോവിഡ് ബാധയെത്തുടര്‍ന്ന് അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗികമായി അടച്ചു. ദേവസ്വം, വനം മന്ത്രിമാരുടെ ഓഫീസുകളില്‍ നിരവധി പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിലും നിരവധി പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 610 പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്ത് മാത്രം 95 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ 8 പേര്‍ സിഐമാരാണ്. നിലവല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. തിങ്കളാഴ്ച 5863 കേസുകളാണ് തലസ്ഥാനത്ത് സ്ഥിരീകരിച്ചത്.