മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും വെറുതെ വിട്ടു

 | 
Riyaz Moulavi


കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കു നടുവിലായിരുന്നു ഇന്നു രാവിലെ മുതൽ കോടതി പരിസരം.

കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും വിധി കേട്ടതിനു പിന്നാലെ റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഷാജിത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും വിധി നിരാശപ്പെടുത്തുന്നതെന്നും അഡ്വ.ഷുക്കൂർ വിശദീകരിച്ചു. ‘‘പഴുതടച്ച അന്വേഷണമാണു പൊലീസ് നടത്തിയത്. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നതിൽ പൊലീസ് വിജയിച്ചു. ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ല. മുഴുവൻ സാക്ഷികളും പ്രോസിക്യൂഷന് അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഏഴുവർഷവും ഏഴുദിവസവുമായി പ്രതികൾ ജയിലിലാണ്.’’– അ‍ഡ്വ.സി.ഷുക്കൂർ പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു.