ഉത്തര്‍പ്രദേശില്‍ മുലായത്തിന്റെ മരുമകള്‍ ബിജെപിയില്‍; അഖിലേഷ് മത്സരത്തിന്
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും മുന്‍ എസ്പി സ്ഥാനാര്‍ത്ഥിയുമായിരുന്ന അപര്‍ണ യാദവ് ബിജെപിയിലേക്ക്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഇളയ സഹോദരന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 2017ല്‍ ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍നിന്ന് മത്സരിച്ച അപര്‍ണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.
യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാരെയും ചില എംഎല്‍എമാരെയും ബിജെപിയില്‍ നിന്ന് സ്വന്തം ക്യാമ്പില്‍ എത്തിക്കാന്‍ എസ്പിക്ക് സാധിച്ചെങ്കിലും മുലായത്തിന്റെയും അഖിലേഷിന്റെയും കുടുംബത്തില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പകരം വീട്ടിയിരിക്കുകയാണ് ബിജെപി. അതേസമയം ഇത്തവണ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മുന്‍പ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അഖിലേഷ് മുഖ്യമന്ത്രിയായത്. യോഗി ആദിത്യനാഥും യുപി എംഎല്‍സിയാണ്. ഇത്തവണ ആദിത്യനാഥ് മത്സരിക്കുന്നുണ്ട്. ഗോരഖ്പൂര്‍ സദര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും യോഗി ജനവിധി തേടുക. നിലവില്‍ കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ അസംഗഢില്‍നിന്നുള്ള എം.പിയാണ് അഖിലേഷ്. ഏത് നിയമസഭാ സീറ്റില്‍നിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.