യുപിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിച്ച സംഭവം; അധ്യാപികയ്ക്ക് എതിരെ നടപടിക്ക് നിര്‍ദേശം

 | 
UP

ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം. കുട്ടിയെ തല്ലാന്‍ നിര്‍ദേശം നല്‍കിയ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. 

അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അധ്യാപിക വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. മുസ്ലീം അമ്മമാര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് അധ്യാപിക പറയുന്നത്. ഗുണനപ്പട്ടിക പഠിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ അവര്‍ മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. 

സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. നിഷ്‌കളങ്കരായ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാലയം പോലെ പവിത്രമായ സ്ഥലത്ത് വെറുപ്പിന്റെ രാഷ്ട്രീയം വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ മുക്കിലും മൂലയിലും കത്തിപ്പടരുന്നതിനായി ബിജെപി വര്‍ഗീയത ഉപയോഗിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.