ശൈശവ വിവാഹത്തിന് നിയമനടപടി ഉണ്ടാവില്ല; വിവാദ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി ബി.ജെ.പി സ്ഥാനാര്‍ത്ഥി
ഭോപ്പാല്‍: ശൈശവ വിവാഹം നടത്തുന്നവരെ സംരക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി ബി.ജെ.പി സ്ഥാനാര്ത്ഥി. രാജസ്ഥാനിലെ സോജത് നിയമസഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്ത്ഥിയായ ശോഭാ ചൗഹാനാണ് വിവാദ വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ചേക്കും. ഭരണഘടനയ്ക്ക് വിരുദ്ധമായ ഇത്തരം വാഗ്ദാനങ്ങള് നല്കിയതിന് ഇവര്ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
സോജത് മേഖലയില്‍ നടത്തിയ സ്നേഹ സമ്മേളന്‍ എന്ന പരിപാടിക്കിടെയാണ് ശോഭാ ചൗഹാന്‍ വാഗ്ദാനം നല്‍കിയത്. സംസ്ഥാനത്ത് ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ശൈശവ വിവാഹത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവില്ല. അത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണ്. ശൈശവ വിവാഹം നടത്തിയെന്ന പേരില്‍ ആരും ഇനി നിയമനടപടികള്‍ നേരിടില്ലെന്നും ശോഭാ ചൗഹാന്‍ പറയുന്നു. ശൈശവ വിവാഹ കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ സോജത് മേഖല.
ഒഡീഷയിലെ ബി.ജെ.പി ഘടകത്തില്‍ കലാപം; രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു
ശൈശവ വിവാഹിതരായ ആളുകള്‍ കൂടുതലുള്ള മേഖലയില്‍ വോട്ടുറപ്പിക്കാനായാല്‍ ശോഭാ ചൗഹാന്റെ വിജയം എളുപ്പമാകും. രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഗ്രാമീണ മേഖലകളില്‍ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഏത് വിധേനെയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.