മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട്; നിർണ്ണായക യോ​ഗം മാറ്റിവെച്ച് കേന്ദ്രസർക്കാർ

 | 
Mullaperiyar

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക യോഗം മാറ്റി. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണു യോഗം തീരുമാനിച്ചത്.

പഴയതു പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിർമിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചു നൽകണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി (റിവർവാലി ആൻഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയിൽ കേരളം സമർപ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തൽ സമിതിക്കു വിടുകയായിരുന്നു. 

പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവിനെ സമീപിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്തു താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും ഉന്നയിക്കുന്നത്. സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാർ ടൈഗർ റിസർവ് സോണിലാണ് (പിടിആർ) പുതിയ അണക്കെട്ട് നിർമിക്കുക.