വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

 | 
NIPAH

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മർദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

11 ദിവസങ്ങൾക്ക്‌ മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയിലേക്ക് മാറ്റിയത്. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.

2018 മുതൽ ഇതുവരെയുള്ള കാലയളവിൽ അഞ്ച് തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ൽ പന്ത്രണ്ടുകാരനും 2023-ൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കേരളത്തിൽ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.