ഒളിമ്പിക്സ് അമ്പെയ്ത്ത്; ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ പ്രവേശിച്ചു

 | 
OLYMPICS

ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട് വനിതാ ടീം. അങ്കിത ഭഗത്ത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങിയ ഇന്ത്യൻ ടീം ക്വാർട്ടറിലെത്തി. റാങ്കിങ് റൗണ്ടിൽ 1983 പോയന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2046 പോയന്റുമായി ദക്ഷിണ കൊറിയയാണ് റാങ്കിങ് റൗണ്ടിൽ ഒന്നാമതെത്തിയത്. 1996 പോയന്റോടെ ചൈന രണ്ടാം സ്ഥാനത്തും 1986 പോയന്റോടെ മെക്‌സിക്കോ മൂന്നാം സ്ഥാനത്തുമെത്തി. റാങ്കിങ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറും.

അരങ്ങേറ്റക്കാരി അങ്കിത ഭഗത്താണ് 666 പോയന്റുമായി ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തിൽ 11-ാം സ്ഥാനത്തെത്താനും താരത്തിനായി. സീസണിൽ അങ്കിതയുടെ മികച്ച പ്രകടനമാണിത്. 659 പോയന്റുമായി ഭജൻ കൗർ 22-ാം സ്ഥാനത്തും 658 പോയന്റുമായി ദീപിക 23-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ചു മുതൽ 12 വരെയുള്ള സ്ഥാനക്കാർക്ക് പ്രീക്വാർട്ടറിൽ പരസ്പരം മത്സരിക്കണം.