ഓം ബിർള ലോക്സഭാ സ്പീക്കർ; ബലമറിയിച്ച് പ്രതിപക്ഷം

 | 
Om Birla

18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ് അദ്ദേഹം.

സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാർലമെന്റ് സാക്ഷ്യംവഹിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇവരെ അനുഗമിച്ചു.

മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി. ഓം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാൽ, ശബ്ദവോട്ടിൽ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു.

ഓം ബിർളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങൾ എഴുന്നേറ്റുനിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്യുകയുമുണ്ടായി.

അപൂർവ്വമായിട്ടാണ് ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കാറുള്ളത്. പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്തിയാണ് സ്പീക്കറെ സാധാരണ തിരഞ്ഞെടുക്കാറുള്ളത്. സ്പീക്കർ പദവിയിലേക്ക് ഭരണപക്ഷ അംഗത്തെ തിരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകലാണ് കീഴ് വഴക്കം. എന്നാൽ കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയിരുന്നില്ല. 

ഇത്തവണ അംഗ ബലം കൂടിയ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വേണമെന്ന നിർബന്ധത്തിലായിരുന്നു പ്രതിപക്ഷം. സർക്കാർ സമവായ നീക്കങ്ങൾ നടത്തിയപ്പോൾ ഈ ആവശ്യമാണ് കോൺഗ്രസും ഇന്ത്യ സഖ്യവും മുന്നോട്ടുവെച്ചത്. എന്നാൽ ബിജെപി ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ ഉറപ്പ് നൽകാത്തതിനെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്.