ബിഹാറിൽ ഒരു പാലം കൂടി തകർന്നു; 17 ദിവസത്തിനിടെ തകർന്നത് 12 പാലങ്ങൾ

 | 
Bridge

ബിഹാറിൽ വീണ്ടും പാലം തകർന്നു. സരണിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള 15 വർഷം പഴക്കമുള്ള പാലമാണ് ഏറ്റവും ഒടുവിലായി തകർന്നത്. രണ്ടുദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന് ജില്ലാ കളക്ടർ അമൻ സാമിർ അറിയിച്ചു. ബിഹാറിൽ 17 ദിവസത്തിനിടെ ഇതുവരെ 12 പാലം തകർന്നുവെന്നാണ് റിപ്പോർട്ട്.

സരണിലെ ഗ്രാമങ്ങളെ സിവാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അടുത്തിടെ പാലത്തോടുചേർന്ന പ്രദേശത്ത് ചെളി നീക്കംചെയ്യൽ പ്രവൃത്തി നടന്നിരുന്നു. എന്നാൽ, പെട്ടെന്ന് പാലം തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ബുധനാഴ്ച രണ്ടുമണിക്കൂറിന്റെ ഇടവേളയിലാണ് സംസ്ഥാനത്ത് രണ്ടുപാലങ്ങൾ തകർന്നത്. 2004-ൽ പണികഴിപ്പിച്ച പാലവും ബ്രിട്ടീഷ് കാലത്തെ മറ്റൊരു പാലവുമാണ് തകർന്നുവീണത്. കിലോമീറ്ററുകൾ മാത്രമാണ് ഇരുപാലങ്ങളും തമ്മിലുണ്ടായിരുന്ന ദൂരം. സിവാൻ, ഛപ്ര, മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലും നേരത്തെ പാലം തകർന്നിരുന്നു. കിഷൻഗഞ്ചിൽ രണ്ടുദിവസത്തെ ഇടവേളയിൽ രണ്ടുപാലങ്ങളാണ് തകർന്നത്.

സംസ്ഥാനത്തെ പഴക്കമുള്ള എല്ലാ പാലങ്ങളും പരിശോധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകിയിരുന്നു. അടിയന്തരമായി അറ്റകുറ്റപണി നടത്തേണ്ടവയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.