ഉമ്മന്‍ ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും; ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

 | 
ummanchany

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും. ബുധനാഴ്ചയോടെ അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. ന്യൂമോണിയ ബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ബംഗളൂരുവില്‍ എത്തിക്കഴിഞ്ഞാല്‍ ക്യാന്‍സര്‍ തുടര്‍ ചികിത്സയ്ക്ക് ശേഷമേ കേരളത്തിലേക്ക് മടങ്ങൂ. 

ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. അദ്ദേഹത്തിന്റെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരായ ആറ് ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. 

ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് വഹിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സതീശന്‍ ഇക്കാര്യം അറിയിച്ചത്.