ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്രോടേം സ്പീക്കർ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ച് കൊടിക്കുന്നിൽ സുരേഷ്

 | 
Opposition

പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടർന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. പ്രോടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ ‘നീറ്റ്, നീറ്റ്’ എന്നു വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു. 

വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാർ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ പൂർത്തിയായ ശേഷമായിരിക്കും സംസ്ഥാനങ്ങൾ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.