ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

 | 
narendra modi

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽവെച്ച് വിവിധ രാഷ്ട്രതലവൻമാരുയുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയ്ക്ക് ഉണ്ടാകും.

ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം ഗ്രീസും പ്രധാനമന്ത്രി സന്ദർശിക്കും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി 25നാണ് ഗ്രീസിൽ ഔദ്യോഗിക സന്ദർശനത്തിനായ് എത്തുക. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചയാവും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.