സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും
കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ ബസുകളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തും. സർവീസ് ബസുകളിലും ബസ് സ്‌റ്റോപ്പുകളിലും സ്റ്റാൻഡുകളിലും കൊച്ചി സിറ്റി വനിതാ സെൽ ഇൻസ്പെക്ടറുടെയും വനിതാ സ്റ്റേഷൻ ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്തിയിലും നിയോഗിക്കാൻ തീരുമാനിച്ചു.
സ്വകാര്യബസുകളിൽ പരിശോധനയ്ക്ക് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ ഉടൻ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എ അക്ബർ പറഞ്ഞു. പാർക്ക്, ബീച്ച് , ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. വിദ്യാർഥിസുരക്ഷയുടെ ഭാഗമായി സ്കൂളും കോളേജും ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും വിദ്യാലയപരിസരത്ത് പൊലീസ് സാന്നിധ്യം ഉറപ്പാക്കും. വിദ്യാലയപരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ പരിശോധന നടത്തും. സ്‌കൂൾപരിസരത്തെ കടകളിൽ ലഹരിപദാർഥങ്ങൾ വിൽക്കില്ലെന്ന ബോർഡ് സ്ഥാപിക്കാൻ നിർദേശിച്ചു.
ബസുകളുടെ മത്സരയോട്ടം തടയാൻ ഇന്റർസെപ്റ്റർ വാഹനങ്ങൾ ഉപയോഗിച്ച് നടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധർക്കെതിരെ വരുംദിവസങ്ങളിൽ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു. വിനോദകേന്ദ്രങ്ങളിൽ പിങ്ക് പൊലീസ് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ പിങ്ക് പൊലീസ് പട്രോളിങ് നടത്തും. മറൈൻഡ്രൈവിൽ വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.