വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗത്തിന് സാധ്യത; കേരളത്തിൽ വ്യാഴാഴ്ചവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

 | 
heat

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ  ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ അടുത്തദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കടുത്ത വേനലിൻറെ പിടിയിലാണ്.

തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത അന്തരീക്ഷ താപനില നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യഞ്ജയ് മൊഹപാത്ര പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് ഉതകുംവിധത്തിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് നൽകിവരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതൽ ദിവസങ്ങളിൽ അനുഭവപ്പെടുകയും ചെയ്യുകയെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്.

ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വോട്ടർമാർ, ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉഷ്ണതരംഗംമൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാൻ മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നുണ്ട്. വോട്ടിങ് സമയം വർധിപ്പിക്കുക, തണൽ ഒരുക്കുന്നതിനുള്ള താൽകാലിക സംവിധാനങ്ങൾ ഒരുക്കുക, ദാഹശമനികൾ ലഭ്യമാക്കുക, ആംബുലൻസ് അടക്കം വൈദ്യസഹായം ഉറപ്പുവരുത്തുക തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

കേരളത്തിൽ ഏപ്രിൽ ഏഴ് മുതൽ 11 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഇവിടെ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. ഇത് സാധാരണ അന്തരീക്ഷ താപനിലയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് അധികമാണ്.