പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത്; റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റാൻ ശ്രമമെന്ന് ആരോപണം

 | 
republic

ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ പ്രസിഡൻറ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡൻറ് ഓഫ് ഭാരത് എന്ന് എഴുതിയത് വിവാദമാകുന്നു. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്‌‍റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും, ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേഷ് എക്‌സിൽ പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് എംപി ശശി തരൂരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.