നിർമാതാവ് ​ഗാന്ധിമതി ബാലൻ അന്തരിച്ചു

 | 
Gandhimati Balan

മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവ്‌ ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കലാമേന്മയുള്ള ചിത്രങ്ങളുടെ നിർമാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സിനിമകൾ നൽകിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്‌.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. 2015 നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

ഭാര്യ - അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).