രാഹുൽ ​ഗാന്ധി വയനാട് ഉപേക്ഷിക്കുന്നു; റായ്ബറേലി നിലനിർത്തും

 | 
rahul

വയനാട്, റായ് ബറേലി ലോക്‌സഭാ മണ്ഡലങ്ങളിൽനിന്ന് വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്താൻ ധാരണയായി. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. അതേസമയം വിഷയത്തിൽ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രവർത്തകസമിതി യോഗത്തിൽ ഇത്തരത്തിൽ തീരുമാനവും വന്നിട്ടില്ല. എന്നാൽ റായ്ബറേലി നിലനിർത്താനും വയനാട് വിടാനുമുള്ള തീരുമാനം രാഹുൽ ഗാന്ധി തന്നെ കൈക്കൊണ്ടിരുന്നു.

രണ്ടോ മൂന്നോ ദിവസത്തിനകം രാഹുൽ, ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. ശേഷം രാഹുൽ വയനാട്ടിലേക്ക് എത്തുകയും ജനങ്ങളെ നന്ദി അറിയിക്കുകയും ചെയ്യും. ഈ സമയത്തായിരിക്കും വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധികുടുംബത്തിലെ പ്രധാന നേതാക്കൾ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തർപ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്ത്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ് ബറേലി സീറ്റ് വിടുന്നത് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകാനും ഇടയുണ്ട്. അതിനാൽ റായ് ബറേലി മണ്ഡലം നിലനിർത്തുക, യു.പിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടിൽ കേരളത്തിൽനിന്നു തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോർമുലയാണ് കോൺഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നാണ് വിവരം. അങ്ങനെയെങ്കിൽ കെ. മുരളീധരൻ ആയിരിക്കും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി എന്നാണ് ലഭിക്കുന്ന വിവരം.