മൂന്ന് മണിക്കൂര്‍ പിന്നിട്ട് റെയ്ഡ്; ദിലീപ് വീട്ടിലെത്തി
നടന്‍ ദിലീപിന്റെ വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡ് മൂന്നു മണിക്കൂര്‍ പിന്നിട്ടു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിലായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഇതിനിടെ ദിലീപ് ആലുവ പാലസിന് സമീപമുള്ള പത്മസരോവരം വീട്ടില്‍ എത്തി. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
പത്മസരോവരത്തില്‍ നിന്ന് മോഹനചന്ദ്രന്‍ പുറത്തു പോയതിന് ശേഷമാണ് ദിലീപ് എത്തിയത്. 2.20ഓടെയാണ് എസ്പി ഇറങ്ങിയത്. അനൂപിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ഇദ്ദേഹം മടങ്ങിയത്. 2.30ഓടെ ദിലീപ് സ്വയം വാഹനമോടിച്ച് വീട്ടിലെത്തി. രണ്ടു ദിവസമായി ദിലീപും ഭാര്യ കാവ്യയും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയില്ലായിരുന്നുവെന്നാണ് വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്നിടത്ത് ഒരേ സമയം പരിശോധന നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന.