ഗവര്‍ണറുടെ അധികാരങ്ങള്‍ ചുരുക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി

 | 
Rajaysabha

ഗവര്‍ണറുടെ അധികാരങ്ങള്‍ ചുരുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എ.എ.റഹിം, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. എ.എ.റഹിമിന്റെ ബില്ലിന് സഭ അവതരണാനുമതി നല്‍കി. സംസ്ഥാനത്തു സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ ഗവര്‍ണറുടെ പ്രീതി വേണമെന്നുള്ള ഭരണഘടനയിലെ വകുപ്പ് ഒഴിവാക്കണമെന്നായിരുന്നു എ എ റഹീമിന്റെ സ്വകാര്യ ബില്ല്. പ്രസ്തുത വകുപ്പ് കൊളോണിയല്‍ കാലത്തിന്റെ തുടര്‍ച്ചയാണെന്നും നിയമസഭക്കും ജനങ്ങള്‍ക്കുമാണ് പരമാധികാരമെന്നും ഗവര്‍ണറുടെ പ്രീതിക്ക് പ്രസക്തിയില്ലെന്നും എ എ റഹീമിന്റെ ബില്ലില്‍ പറയുന്നുണ്ടായിരുന്നു. 

ഈ ബില്ലിന് അവതരണ അനുമതി തേടാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ എ എ റഹീമിനെ ക്ഷണിച്ചു. എന്നാല്‍ ഭരണഘടനയിലെ 164-മത്തെ വകുപ്പ് മാറ്റണമെന്ന് മാത്രമായിരുന്നു എ എ റഹിം വായിച്ചത്. ഇത് ഗവര്‍ണര്‍ക്ക് എതിരായ നീക്കമാണെന്ന് ഭരണപക്ഷം തിരിച്ചറിഞ്ഞില്ല. ബില്ല് അംഗീകരിക്കാണോ എന്നുള്ള ഉപാധ്യക്ഷന്റെ ചോദ്യത്തിന് ശബ്ദ വോട്ടോടുകൂടി സഭ അംഗീകാരം നല്‍കി. തുടര്‍ന്ന് നടപടിക്രമ പ്രകാരം എ എ റഹിം ബില്ല് സഭയുടെ മേശപ്പുറത്ത് വെയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് ജോണ്‍ ബ്രിട്ടാസിന്റെ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. 

ഗവര്‍ണര്‍മാരെ മറ്റു ചാന്‍സലര്‍ പദങ്ങളില്‍ നിന്നും മാറ്റണമെന്നാണ് തന്റെ ബില്ലിന്റെ ആവശ്യമെന്ന് ബില്ലിന് അനുമതി തേടിക്കൊണ്ട് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇതോടെ ഭരണപക്ഷത്തിന് അപകടം മനസിലായി. ഭരണപക്ഷം ശക്തമായ ബഹളം വെച്ചു. ഗവര്‍ണര്‍ ക്കെതിരായ സ്വകാര്യബില്‍ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണ് എന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. വോട്ടെടുപ്പിന് ഇട്ട് അവതരണ അനുമതി നിഷേധിക്കുകയും ചെയ്തു .ഇതിനുശേഷം മാത്രമാണ് സമാന സ്വഭാവമുള്ള മറ്റൊരു ബില്ലിന് അവതരണ അനുമതി ലഭിച്ചത് രാജ്യസഭാ ഭരണപക്ഷ അംഗങ്ങള്‍ അറിഞ്ഞത്. 

രാജ്യസഭയിലെ ഫ്‌ളോര്‍ മാനേജ്‌മെന്റ് പരാജയമായാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. രാജ്യസഭയില്‍ ഭരണകക്ഷിയെ ഞെട്ടിക്കാന്‍ ആയത് നേട്ടമായി പ്രതിപക്ഷവും വിലയിരുത്തുന്നു.