കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് റീൽസ്; യുവതിയും സുഹൃത്തും അറസ്റ്റിൽ

 | 
Reel

ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. 

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു ഇവർ റീൽസെടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്തുനിലക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു അപകടകരമായി തൂങ്ങിക്കിടന്ന് ഇവർ റീൽസെടുത്തത്.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ പറഞ്ഞു. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.