കോൺ‌​ഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന; തരൂരിനെ ഉൾപ്പെടുത്തി, ചെന്നിത്തലയെ തഴയുന്നത് എന്തിന്?

 | 
RAMESH CHENNITHALA


ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ താക്കോൽ സ്ഥാനം ചോദിച്ചു വാങ്ങാൻ രമേശ് ചെന്നിത്തല സ്വീകരിച്ച സമ്മർദ്ദതന്ത്രം എന്തായിരുന്നുവെന്ന് രാഷ്ട്രീയ കേരളത്തിന് നല്ല നിശ്ചയമുണ്ട്. സർക്കാരിന്റെ അവസാന കാലത്ത് ആഭ്യന്തരമന്ത്രിയാകുന്നതിനായി എൻഎസ്എസിന്റെ വരെ പിന്തുണ ചെന്നിത്തലയ്ക്ക് ലഭിച്ചു. അതുവരെ കെപിസിസി അധ്യക്ഷൻ മാത്രമായിരുന്ന ചെന്നിത്തല ഏതാനും മാസങ്ങൾ ആഭ്യന്തര മന്ത്രിയായി സ്റ്റേറ്റ് കാറിൽ അകമ്പടി വാഹനങ്ങളുടെ മുന്നിൽ പാറിപ്പറന്നു നടന്നു. പിന്നീട് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ചെന്നിത്തല പ്രതിപക്ഷനേതാവായി. 2018ലെ പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്ടറിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയോട് മത്സരിച്ച് ദിവസവും വാർത്താസമ്മേളനങ്ങൾ നടത്തി. ഗൾഫിലുണ്ടെന്ന് കരുതുന്ന ഏതോ ഉസ്മാനെ വിളിച്ച് സോഷ്യൽ മീഡിയയിൽ എയറിലായി. അങ്ങനെ കോവിഡിന് ഇടയിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം വെറും എംഎൽഎ മാത്രമായി ഒതുങ്ങി. രണ്ടാമതും പ്രതിപക്ഷ നേതാവ് സ്ഥാനം നൽകാതെ കോൺഗ്രസ് നേതൃത്വം ചെന്നിത്തലയെ ശരിക്കും ഒതുക്കി. ഇപ്പോൾ ഹരിപ്പാട് എംഎൽഎ മാത്രമാണ് അദ്ദേഹം. 

സർക്കാരിനെതിരെ എഐ ക്യാമറ വിവാദം ഉയർത്തിക്കൊണ്ടു വന്നത് ആരാണെന്നത് സംബന്ധിച്ച് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ ഒരു തർക്കം പോലുമുണ്ടെന്ന് പറയാം. ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചപ്പോൾ സ്ഥിരം ക്ഷണിതാവാക്കി എടുത്തിരിക്കുകയാണ് അദ്ദേഹത്തെ. ഉമ്മൻ ചാണ്ടി മരിച്ച ഒഴിവിലേക്ക് ചെന്നിത്തലയെ വേണമെങ്കിൽ ദേശീയ നേതൃത്വത്തിന് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താമായിരുന്നു. പക്ഷേ, ചെന്നിത്തലയ്‌ക്കെന്നല്ല, കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കൾക്കും കണ്ണെടുത്താൽ കണ്ടുകൂടാത്ത ശശി തരൂരിനെയാണ് ആ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ചെന്നിത്തലയ്ക്ക് അക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. ഇപ്പോൾ പുതുപ്പള്ളിയിൽ പ്രചാരണത്തിലുള്ള ചെന്നിത്തല ചിലപ്പോൾ അവിടെ നിന്ന് മടങ്ങിയേക്കുമെന്നു വരെ സൂചനകളുണ്ട്. 

കേരള രാഷ്ട്രീയത്തിൽ നാം ഇപ്പോൾ കാണുന്ന ആ ചെന്നിത്തലയ്ക്ക് വലിയൊരു ഭൂതകാലമുണ്ടായിരുന്നു. കേരളമെന്ന ഇഠാ വട്ടത്തിലായിരുന്നില്ല, ഇന്ദ്രപ്രസ്ഥത്തിലായിരുന്നു ചെന്നിത്തലയുടെ കളികൾ. അതെല്ലാം വിട്ട് 2011ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഹരിപ്പാട്  മത്സരിക്കാനെത്തുമ്പോൾ മണ്ഡലം കൺവെൻഷൻ യോഗത്തിൽ എന്റെ ഹരിപ്പാട് എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിയ ഒരു രമേശ് ചെന്നിത്തലയുണ്ട്. സദസിലിരുന്ന നിരവധി പേരാണ് ചെന്നിത്തലയ്‌ക്കൊപ്പം അന്ന് കരഞ്ഞത്. അതിനു ശേഷം അദ്ദേഹം ഹരിപ്പാട് എംഎൽഎയാണ്. തുടർന്ന് താക്കോൽ സ്ഥാനത്തെത്തി. അതിനും ശേഷം പ്രതിപക്ഷ നേതാവായി. ഇപ്പോൾ വെറും ഹരിപ്പാട് എംഎൽഎയായി തുടരുന്നു. അതിനിടെ താനിപ്പോഴും മുൻനിരയിലുണ്ടെന്ന് ജനങ്ങളെ കാണിക്കാനും സ്വയം ഓർമപ്പെടുത്താനുമായി ചില വാർത്താസമ്മേളനങ്ങൾ നടത്തുകയും പ്രസ്താവനയിറക്കുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് പ്രവർത്തകസമിതിയിൽ എത്താനുള്ള സാധ്യത തെളിഞ്ഞു വന്നത്. പക്ഷേ, അത് സ്ഥിരം ക്ഷണിതാവായി മാത്രമാണ്. ക്ഷണിതാക്കൾ അതിഥികളാണ്. അവർക്ക് നയ രൂപീകരണത്തിൽ പങ്കൊന്നുമുണ്ടാവില്ല. ആതിഥേയർക്ക് തോന്നിയാൽ ചിലപ്പോൾ അഭിപ്രായം ചോദിക്കാനിടയുണ്ട്. പലപ്പോഴും അതുണ്ടാകാറില്ല. 19 വർഷം മുൻപ് കിട്ടിയ അതേ പദവി തന്നെയാണ് ചെന്നിത്തലയ്ക്ക് വീണ്ടും കിട്ടിയിരിക്കുന്നത്. അങ്ങനെ സംസ്ഥാനത്തു മാത്രമല്ല, ദേശീയ പ്രവർത്തക സമിതിയിലും ഒരു മൂലയ്ക്ക് ഇരിക്കാൻ ചെന്നിത്തലയ്ക്ക് അവസരമൊരുങ്ങുകയാണ്. പ്രത്യേക ക്ഷണിതാവായി കൊടിക്കുന്നിൽ സുരേഷിനെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഒറ്റയ്ക്കാവില്ല. വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം. വയസായെന്നും പറഞ്ഞ് വിശ്രമിക്കാൻ പോയ എ കെ ആന്റണിയെ വരെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ചെന്നിത്തലയെ മാത്രം ഇങ്ങനെ കാണുന്നത് എന്തിനാണ് എന്റെ കോൺഗ്രസേ.

വീഡിയോ കാണാം