നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുബോൾ ഓടിയൊളിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ല; വി ഡി സതീശന് മറുപടിയുമായി ജെയ്ക് സി തോമസ്

 | 
jeyk

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന സംവാദത്തിൽനിന്ന്‌ ഒളിച്ചോടിയ പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ്. നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിനുള്ള പദ്ധതികളെക്കുറിച്ച് ചോദിക്കുമ്പോൾ ഓടി ഒളിക്കുന്നത് സത്യസന്ധമായ രാഷ്‌ട്രീയമല്ലെന്ന് ജെയ്‌ക് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.  ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ. ജനപ്രതിനിധികൾ ദാസൻമാരാണ്. അത് മറന്നു കൊണ്ടാണ് യുഡിഎഫിന്റെ ഒളിച്ചോട്ടമെന്നും ജെയ്‌ക് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം 

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, വാർദ്ധക്യകാല സാമൂഹ്യസുരക്ഷ പദ്ധതികൾക്ക് പ്രത്യക പരിഗണന നൽകിയാണ് കേരള സർക്കാർ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിൽ പ്രധാനമാണ് അടിസ്ഥാനസൗകര്യവികസനം. കഴിഞ്ഞ ഏഴുവർഷമായി അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതിൽ പുതുപ്പള്ളിയിലെ ശ്രമങ്ങളെ ഒന്നു പരിശോധിക്കാം.

ഒരോ നിയോജക മണ്ഡലത്തിലെയും കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഭരണ പ്രതിപക്ഷ വിത്യാസം ഇല്ലാതെ കേരളത്തിൽ എല്ലാ മണ്ഡലത്തിലും കിഫ്ബി പദ്ധതികൾ അതാതു എംഎൽഎമാരുടെ ഇടപെടലും കൊണ്ട് വികസന മുന്നേറ്റം നയിക്കുന്ന കാഴ്ച്ചയാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്. കോട്ടയം ജില്ലയിലെ വികസന പദ്ധതികളിലൂടെ കണ്ണോടിക്കുമ്പോൾ കിഫ്ബി പദ്ധതികൾ മികച്ച രീതിയിൽ നടന്നിട്ടുണ്ട്. ജില്ലയിലെ 9 നിയോജക മണ്ഡലത്തിലെയും കിഫ്ബി പദ്ധതികൾ ഏറ്റുമാനൂർ- 23, വൈക്കം-15, കടുത്തുരുത്തി -13, കാഞ്ഞിരപള്ളി- 12, ചങ്ങനാശ്ശേരി-10, പൂഞ്ഞാർ- 10, കോട്ടയം-9, പാല- 4,  പുതുപള്ളി - 1എന്നിങ്ങനെയാണ്.

പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിൽ വളരെ പിന്നിലാണ് പുതുപ്പള്ളി മണ്ഡലം എന്നാണ് ഇത് തെളിയിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ്, പാലം തുടങ്ങിയവയുടെ കിഫ്ബി പദ്ധതികൾ കേരളത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്ന വേളയിൽ പുതുപള്ളിയിൽ എത്ര കിഫ്ബി- പൊതുമരാമത്ത് പദ്ധതികൾ ഉണ്ടെന്ന് പരിശോധിച്ചപ്പോൾ ആണ് ഒരു പദ്ധതി പോലും ഇല്ല എന്ന യഥാർത്ഥ്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

പല മണ്ഡലത്തിലും 50- 100 കിലോ മീറ്റർ വരെ റോഡുകളും മറ്റും ഉള്ളപ്പോഴാണ് ഈ മണ്ഡലത്തിലെ വിവരം ശ്രദ്ധയിൽ പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്ക്കൂൾ കെട്ടിട വികസനം മാത്രമാണ് പുതുപള്ളിയിൽ ഇത്ര നാൾ കൊണ്ട് കിഫ്ബി വഴി നടപ്പിലാക്കാൻ സാധിച്ചിട്ടുള്ളൂ.  അതിൽ എംഎൽഎയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിനുള്ള പദ്ധതികളെക്കുറിച്ച് ചോദിക്കുമ്പോൾ ഓടി ഒളിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ. ജനപ്രതിനിധികൾ ദാസൻമാരാണ്. അത് മറന്നു കൊണ്ടാണ് യുഡിഎഫിന്റെ ഒളിച്ചോട്ടം.