ലൈംഗിക പീഡന വിവാദം; എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ്
ലൈംഗിക പീഡന വിവാദത്തിൽ കുടുങ്ങിയ ഹാസൻ സിറ്റിങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരേ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്ത സാഹചര്യത്തിലാണിത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വലിനെ വിവാദത്തെ തുടർന്ന് അന്വേഷണം കഴിയും വരെ ജെ.ഡി.എസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പ്രജ്വൽ ജർമനിയിലേക്ക് മുങ്ങുകയും ചെയ്തു.
ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അല്ലാത്ത പക്ഷം അറസ്റ്റിലേക്ക് കടക്കുമെന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇപ്പോൾ ബെംഗളൂരുവിൽ ഇല്ലെന്ന് പ്രജ്വൽ രേവണ്ണ സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. അഭിഭാഷകൻ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തിന് കൈമാറിയ കത്തിന്റെ പകർപ്പും പ്രജ്വൽ രേവണ്ണ എക്സിലൂടെ പുറത്തുവിട്ടിരുന്നു.
ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തിൽ പ്രജ്വൽ രേവണ്ണ പറഞ്ഞത്. അതിനാൽ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ലുക്കൗട്ട് നോട്ടീസും വന്നത്.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനിൽ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.