ചന്ദ്രയാനെ കുറിച്ചുള്ള ട്രോൾ ചിത്രം പങ്കുവെച്ചു; നടൻ പ്രകാശ് രാജിനെതിരെ കേസ്

 | 
PRAKASH RAJ


ചന്ദ്രയാൻ-3 ദൗത്യവുമായി ബന്ധപ്പെട്ട് ട്രോൾ ചിത്രം പങ്കുവെച്ച പ്രാകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. 

ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ നടനെ വിമർശിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.

എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ്‍വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.