പതിനാറ് നിപ സാമ്പിളുകൾ നെ​ഗറ്റീവ്; സമ്പർക്ക പട്ടികയിൽ 472 പേർ

 | 
nipah

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തു വന്ന 16 സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.

വ്യാഴാഴ്ച മൂന്ന് പേർ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ഉള്ളത്. ഇവരിൽ 17 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. പുതുതായി 12 പേരെയാണ് സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. 

ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8,376 വീടുകളിൽ പനി സർവേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവേ നടത്തിയത്. വ്യാഴാഴ്ചയോടെ എല്ലാ വീടുകളിലും സർവേ പൂർത്തിയാക്കാനാവും. 224 പേർക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗൺസലിങ് നൽകിയിട്ടുണ്ട്.